തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ അരവിന്ദാക്ഷൻ കസ്റ്റഡിയിൽ. ഇഡിയാണ് കേസിൽ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റുൾപ്പെടെയുണ്ടാകുമെന്നാണ് സൂചന.
തൃശ്ശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്. ഉച്ചയോടെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. തട്ടിപ്പ് നടത്തിയതിന് അരവിന്ദാക്ഷനെതിരെ തെളിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മർദ്ദിച്ച് വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന് അരവിന്ദാക്ഷൻ ആരോപിച്ചിരുന്നു. ഇതിൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറിന്റെ പല സാമ്പത്തിക ഇടപാടുകൾക്കും ചുക്കാൻ പിടിച്ചത് അരവിന്ദാക്ഷൻ ആണെന്നാണ് കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ചതിൽ സതീഷ് കുമാറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം പരിഹരിക്കാൻ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണ്. ഇതിന് പുറമേ കരുവന്നൂർ ബാങ്കിൽ നിന്നും മൂന്ന് കോടി രൂപ നൽകാൻ സഹായിച്ചത് അരവിന്ദാക്ഷൻ ആണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സതീഷ് കുമാരും പിപി കിരണും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതും അരവിന്ദാക്ഷനാണെന്നും ഇഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെൡവുകൾ ലഭിച്ചതിന് പിന്നാലെയാണ് ഇഡി അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post