കോഴിക്കോട്: താമരശ്ശേരിയിൽ പോത്തിന്റെ വാൽ മുറിച്ചുമാറ്റിയതായി പരാതി. കർഷകനും കണ്ണന്തറ സ്വദേശിയുമായ ജോസഫിന്റെ പോത്തിന് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ അദ്ദേഹം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പോത്തിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടതിനെ തുടർന്ന് ജോസഫ് തൊഴുത്തിലെത്തി നോക്കുകയായിരുന്നു. അപ്പോഴാണ് വാല് മുറിഞ്ഞ നിലയിൽ പോത്തിനെ കണ്ടത്. വിൽപ്പനയ്ക്കായി ശ്രമിക്കുന്ന പോത്താണ് ഇത്.
ശനിയാഴ്ച ഒരു സംഘം ആളുകൾ പോത്തിനെ വാങ്ങാൻ എത്തിയിരുന്നു. ഇവരാണ് സംഭവത്തിന് പിന്നിൽ എന്നാണ് ജോസഫ് നൽകിയ പരാതിയിൽ പറയുന്നത്. പറഞ്ഞ വില ലഭിക്കാത്തതിനാൽ ഇവർക്ക് പോത്തിനെ നൽകാൻ ജോസഫ് വിസമ്മതിച്ചു. തുടർന്ന് ദേഷ്യപ്പെട്ടാണ് ഇവർ പോയത് എന്നാണ് ജോസഫ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂലൈ മാസത്തിൽ വെണ്മണി ചെറുവല്ലൂർ മുഹമ്മദ് ഹനീഫ എന്നയാളിന്റെ വീടിന്റെ പറമ്പിൽ കെട്ടിയിരുന്ന രണ്ട് വളർത്തു പോത്തുകൾ മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് പോത്തിന്റെ വാൽ മുറിച്ച സംഭവം ഉണ്ടാകുന്നത്. ഈ കേസിൽ പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
Discussion about this post