തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റങ്ങൾ വരുന്നു. ഒൻപത് മുതൽ 12 വരൈയുള്ള കുട്ടികളുടെ പ്രോഗ്രസ് കാർഡിലാണ് മാറ്റങ്ങൾ വരുന്നത്. പരീക്ഷയിലെ മാർക്കിന് പുറമെ, വിദ്യാർത്ഥികളുടെ അറിവിനും സർഗാത്മകതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കും പുതിയ പ്രോഗ്രസ് റിപ്പോർട്ട്. എൻസിഇആർടിയ്ക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയ്യാറാക്കുന്നത്.
കുട്ടികളുടെ അറിവും ക്രിയാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോഗ്രസ് കാർഡുകൾ നിർമിക്കുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി) എന്ന പേരിലാകും പുതിയ സംവിധാനം. പുതിയ സംവിധാനം പ്രകാരം, വിദ്യാർത്ഥികളുടെ ഒരു വർഷത്തെ അക്കാദമിക പ്രകടനമാകും ഇന്റേണൽ മാർക്കിന് പകരം വിലയിരുത്തുക. ടൈം മാനേജ്മെന്റ്, പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ, നൈപുണ്യങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന ഭാഗങ്ങളും ഇതിലുണ്ടാകും.
സ്കൂൾ വിദ്യഭ്യാസത്തിന് ശേഷം എന്ത് പഠിക്കണം എന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങാനും വിദ്യാർത്ഥികൾക്ക് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് അവസരം നൽകുന്നു. ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണോ എന്നതിനെ കുറിച്ച് ഓരോ സംസ്ഥാനങ്ങൾക്കും തീരുമാനമെടുക്കാം. നിലവിലുള്ള അദ്ധ്യയന വർഷത്തിൽ ഇത് പ്രാബല്യത്തിൽ വരില്ല. എന്നാൽ, ഈ വർഷം മുതൽ തന്നെ അദ്ധ്യാപകർക്കും അധികൃതർക്കും ഇതിന് ആവശ്യമായ പരിശീലനം നൽകും.
Discussion about this post