ന്യൂഡൽഹി: അസാധാരണമായ കാലഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ലോകരാജ്യങ്ങൾ തമ്മിൽ പരസ്പരം വിശ്വാസം ഉറപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയ്ശങ്കർ.
ഇന്ന് ലോകം ഇന്ത്യയെ ഒരു പ്രശ്‌നപരിഹാരദാതാവായാണ് കാണുന്നത്. വിഭജനത്തെ മറികടക്കുന്നു. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയും സാങ്കേതികവിദ്യയിലെ പുരോഗതിയും നമ്മുടെ കഴിവുകളുമാണ് കാരണം. ശക്തവും പ്രതിബദ്ധതയുള്ളതുമായ നേതൃത്വം ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയും വസുധൈവ കുടുംബകത്തിൽ തുല്യമായി വിശ്വസിക്കുന്നവരുമായ ഒരു നേതൃത്വം കൊണ്ടുവന്ന ജനാധിപത്യ ഭരണരീതിയാണ് അതിലും പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ മൈത്രി’യുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റെടുത്ത സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമെന്ന രാജ്യത്തിന്റെ പ്രതിച്ഛായയെ വാക്‌സിൻ മൈത്രി കൂടുതൽ ശക്തിപ്പെടുത്തി. ‘ലോകത്തിന്റെ ഫാർമസി’ എന്ന ഇന്ത്യയുടെ ഖ്യാതി, ആഗോള പ്രതിസന്ധിയുടെ മധ്യത്തിൽ രാജ്യങ്ങളിലേക്ക് എത്തിച്ചേരുകയും 72 രാജ്യങ്ങൾക്ക് വാക്‌സിനുകൾ വിതരണം ചെയ്യുകയും ചെയ്ത രീതി ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.












