തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ 10 ജില്ലകളിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലും തെക്കൻ ഛത്തീസ്ഗഡിന് മുകളിലുമായി തീരദേശ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിനും സാദ്ധ്യതയുണ്ട്.
അടുത്ത ദിവസം ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതോടെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post