അഹമ്മദാബാദ്: തീവ്രവാദി സംഘടനയായ ഐ.എസിനെ നേരിടുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡി.ജി.പിമാരുടെ യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേതൃത്വത്തിലാവും നടപടികള്‍ക്ക് രൂപംനല്‍കുക.
ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള ഐ.എസിന്റെ ആശയപ്രചാരണവും റിക്രൂട്ടിംഗും തടയാന്‍ ഓപ്പറേഷന്‍ ചക്രവ്യൂഹ എന്നപേരിലുള്ള നിരീക്ഷണ സംവിധാനമൊരുക്കുകയാണ് പ്രധാന അജന്‍ഡ. കേരളത്തിലടക്കം ഇതേ മാതൃകയില്‍ പൊലീസിന്റെ സൈബര്‍ പട്രോളിംഗ് വേണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം.
ഗുജറാത്തിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ റാന്‍ ഒഫ് കച്ചില്‍ ഇന്നുമുതല്‍ ഞായറാഴ്ച വരെ നടക്കുന്ന യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രനും പങ്കെടുക്കും. .കണ്ണൂരിലെ ദമ്പതികളും നാല് മലയാളികളുമടക്കം 19 ഇന്ത്യക്കാര്‍ സിറിയയില്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുരുതരമായ സാഹചര്യമാണ് യോഗം ചര്‍ച്ചചെയ്യുക.
മലയാളികളുടെ ഐ.എസ് ബന്ധത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകളുണ്ടാവും. ഐ.എസിനെ നിരീക്ഷിക്കുന്നതിന് ഇന്റലിജന്‍സില്‍ പ്രത്യേകവിഭാഗത്തിന് കേന്ദ്രം നിര്‍ദ്ദേശിക്കും. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ഡേറ്റ വിശകലനം ചെയ്ത് ഐസിസ് സാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്ട്‌വെയര്‍ വാങ്ങാന്‍ പൊലീസ് കേന്ദ്രാനുമതി തേടിയിട്ടുണ്ട്. മനുഷ്യസഹായമില്ലാതെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യാനും എവിടെ നിന്നുള്ളതാണ് സന്ദേശങ്ങളെന്നു കണ്ടെത്താനും കഴിയുന്ന സംവിധാനമാണിത്. ഇതിന് പത്തു കോടിയോളം രൂപ ചെലവുണ്ടാവും. കോഴിക്കോട്ടുകാരന്‍ റിയാബ് ഇറാക്കിലെയും സിറിയയിലെയും ഐസിസ് അനുകൂലികളുമായി ഫേസ് ബുക്കിലൂടെ ബന്ധപ്പെട്ടതായി യു.എ.ഇ പൊലീസ് കണ്ടെത്തിയത് ഈ സംവിധാനത്തിലൂടെയായിരുന്നു.
കാനഡയില്‍ നിന്നുള്ള വെബ്‌സൈറ്റുകളിലൂടെയാണ് ഐസിസിലേക്ക് റിക്രൂട്ടിംഗിന് ശ്രമിക്കുന്നത്. ഇന്ത്യയില്‍ സായുധസേനാവിഭാഗം രൂപീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാട്ട്‌സ് ആപ് സന്ദേശങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. പതിനൊന്ന് മലയാളികളടക്കം 19 ഇന്ത്യക്കാര്‍ യു.എ.ഇയില്‍ തടവിലുണ്ടെന്നാണ് ഇന്റര്‍പോള്‍ എന്‍.ഐ.എയ്ക്ക് നല്‍കിയിട്ടുള്ള വിവരം. കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ അഞ്ച് യുവാക്കളെ കേരളത്തില്‍ നിന്ന് കാണാതായിട്ടുമുണ്ട്. ഐസിസില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന് കേന്ദ്രം കണ്ടെത്തിയ 25 യുവാക്കളില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ട്. കൊച്ചിയില്‍ വാട്ട്‌സ് ആപ് വഴിയുള്ള ഐസിസ് റിക്രൂട്ടിംഗിന് കേസുമുണ്ട്.
Discussion about this post