ആറ്റിങ്ങൽ : വീട്ടമ്മമാരെ അംഗങ്ങളാക്കി ട്രസ്റ്റ് രൂപീകരിച്ച് വായ്പാ തട്ടിപ്പ് നടന്നതായി പരാതി. പരാതിയെ തുടർന്ന് നഗരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിനിരയായ സ്ത്രീകളുടെ മൊഴി തുടങ്ങിയതായി എസ് ഐ അമർ സിംഗ് നായകം പറഞ്ഞു.

സഹകരണ സംഘങ്ങളിൽ നിന്നും വീട്ടമ്മമാരെ കൊണ്ട് വ്യക്തിഗത വായ്പ എടുപ്പിച്ച്, അത് ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണത്തെ തുടർന്ന് ട്രസ്റ്റ് ചെയർമാൻ ജി ശിവശങ്കര കുറുപ്പ്, പ്രസിഡന്റ് വി അശോകൻ, സെക്രട്ടറി അപ്‌സര എന്നിവർക്കെതിരെ നഗരൂർ പോലീസ് കേസെടുത്തു . വീട്ടമ്മമാരെ കൊണ്ട് എടുപ്പിച്ച വായ്പ തുകയായ 22. 5 ലക്ഷം രൂപാ ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് തുക ചിലവഴിച്ചു.
2020 ൽ രൂപീകരിച്ച ശ്രീ ഗോകുലം ട്രസ്റ്റിന്റെ പേരിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ചിറയിൻകീഴ് സഹകരണ സംഘത്തിന്റെ പൂവമ്പാറയിലെ ശാഖയിൽ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയിൽ നാല്പത്തഞ്ചു സ്ത്രീകളെ കൊണ്ട് അമ്പതിനായിരം രൂപാ വീതം വായ്പ എടുപ്പിച്ചിരുന്നു. സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ആണ് തട്ടിപ്പിന്റെ സൂത്രധാരൻ. സഹകരണ സംഘത്തിന്റെ പ്രസിഡന്റും ട്രസ്റ്റ് ചെയർമാനും ഒരാൾ തന്നെ ആയതിനാൽ തട്ടിപ്പു നടത്താൻ മറയാക്കിയെന്നുമാണ് പരാതിക്കാർ പറയുന്നത്.
ട്രസ്റ്റിന് കീഴിലുള്ള ഗോശാലയ്ക്കു വേണ്ടിയാണ് വീട്ടമ്മമാരെ കൊണ്ട് വായ്പ എടുപ്പിച്ചത്. ഗോശാലയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ വിഹിതവും ജോലിയും വാഗ്ദാനം നൽകിയാണ് സ്ത്രീകളെ കൊണ്ട് വായ്പ എടുപ്പിച്ചത്.








