ന്യൂഡൽഹി : ആശയക്കുഴപ്പങ്ങൾക്ക് വിരാമമായി, സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതായി നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി നിലനിൽക്കുന്നതിനാൽ സ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി സന്നദ്ധത അറിയിച്ചിരുന്നില്ല. ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തന്നെ ചെയർമാൻ സ്ഥാനവും ഏറ്റെടുക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് സുരേഷ് ഗോപി.
പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തന്റെ സുഹൃത്തായ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറിനും നന്ദി അറിയിച്ചു കൊണ്ടാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിളി വന്നിരുന്നു എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന എല്ലാ ചുമതലകളും ഇതോടൊപ്പം തന്നെ വഹിക്കാം എന്നുള്ള മന്ത്രിമാരുടെ ഉറപ്പും ലഭിച്ചിട്ടുണ്ട് എന്ന് സുരേഷ് ഗോപി അറിയിച്ചു.
കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്നും ഇക്കാര്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും. ഈ ചെയർമാൻ സ്ഥാനം ഒരു ലാഭമുവുള്ളതോ ശമ്പളം ഉള്ള ജോലിയോ അല്ല. രാഷ്ട്രീയക്കാരന്റെ എല്ലാ സ്വാതന്ത്ര്യവും ഞാൻ തുടർന്നും വഹിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പോടെയാണ് ചുമതലയേൽക്കുന്നത് എന്നും സുരേഷ് ഗോപി അറിയിച്ചു.
Discussion about this post