ഹൈദരാബാദ് : ബാലാപൂർ ഗണേശ് ലഡ്ഡു ഹൈദരാബാദിൽ ഏറെ പ്രശസ്തമാണ്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഒരു ഗ്രാമമാണ് ബാലാപൂർ. ഗണേശോത്സവത്തിന് തയ്യാറാക്കുന്ന ഈ ലഡ്ഡു വർഷംതോറും ലേലം വിളിയിലൂടെ വിറ്റഴിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തവണ ബാലാപൂർ ഗണേശ് ലഡ്ഡു ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്കാണ്. 27 ലക്ഷം രൂപയാണ് ഇത്തവണ ഈ ലഡ്ഡുവിന് ലേലത്തിൽ ലഭിച്ചത്.
ഹൈദരാബാദ് സ്വദേശി ദാസരി ദയാനന്ദ് റെഡ്ഡിയാണ് ഈ വർഷത്തെ ലഡ്ഡു സ്വന്തമാക്കിയത്. 1994 മുതൽ ബാലാപൂർ ഗണേശോത്സവ സമിതി ഇത്തരത്തിൽ വാർഷിക ലഡ്ഡു ലേലം നടത്തിവരുന്നുണ്ട്. 2022ൽ ലഡ്ഡുവിന് 24.60 ലക്ഷം രൂപയായിരുന്നു ലഭിച്ചിരുന്നത്. ബാലാപൂർ നഗരത്തിൽ നടന്ന തുറന്ന ലേലത്തിൽ 36 ലേലക്കാർ പങ്കെടുത്തു.
21 കിലോ തൂക്കമാണ് ബാലാപൂർ ഗണേശ് ലഡ്ഡുവിന് ഉണ്ടായിരിക്കുക. ബംഗാരു ലഡ്ഡു എന്ന പേരിലും ഈ ലഡ്ഡു അറിയപ്പെടാറുണ്ട്. ആദ്യമായി ലഡ്ഡു ലേലത്തിൽ വിറ്റ 1994 ൽ പ്രാദേശിക കർഷകനായ കോലൻ മോഹൻ റെഡ്ഡി ഇത് 450 രൂപയ്ക്കാണ് വാങ്ങിയത്. മോഹൻ റെഡ്ഡി കുടുംബത്തിനും നാട്ടുകാർക്കും ലഡ്ഡു പ്രസാദം വിതരണം ചെയ്ത ശേഷം തന്റെ കൃഷിയിടത്തിൽ വിതറുകയും ഗണപതി ഭഗവാന്റെ അനുഗ്രഹത്താൽ ആ വർഷം വിളവ് ഇരട്ടിയിലേറെ ഉയർന്നതായും പറയപ്പെടുന്നു. ഇതോടെയാണ് ബാലാപൂർ ഗണേശ് ലഡ്ഡു ലേലം പ്രശസ്തമായത്.








