ഉജ്ജയിൻ : മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇയാളെ തടയുകയും വീണ്ടും പിടികൂടുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പ്രതിയുടെ പിതാവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ഉടൻ തന്നെ പോലീസ് അവനെ വെടിവെച്ചു കൊല്ലേണ്ടതായിരുന്നു എന്നാണ് പ്രതിയുടെ പിതാവ് ഈ സംഭവത്തിൽ പ്രതികരിച്ചത്. തങ്ങളെ സംബന്ധിച്ച് അവൻ മരിച്ചു കഴിഞ്ഞെന്നും പ്രതി ഭരത് സോണിയുടെ പിതാവ് വ്യക്തമാക്കി.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് പരിക്കേറ്റ നിലയിൽ നഗരത്തിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് നടന്ന 12 വയസ്സുള്ള പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഈ ക്രൂരകൃത്യം നടത്തിയ ഭരത് സോണി എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ
നില മെച്ചപ്പെട്ടുവരികയാണ്. ഇൻഡോറിലെ ഗവൺമെന്റ് മഹാരാജ തുക്കോജിറാവു ഹോൾക്കർ വിമൻസ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പെൺകുട്ടിക്ക് ശസ്ത്രക്രിയ നടത്തി.
സെപ്തംബർ 25-ന് ഈ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ സത്‌നയിലെ ജൈത്‌വാര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. വൈജ്ഞാനിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു കാണാതായിരുന്നത്. തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട രീതിയിൽ കുട്ടിയെ കണ്ടെത്തുന്നത്.
Discussion about this post