ഭുവനേശ്വർ : ഇന്ത്യയുടെ അഭിമാന പ്രതിരോധ നിർമ്മിതി പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ആണ് പിനാക വിജയകരമായി പരീക്ഷിച്ചത്.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ചാന്ദിപ്പൂർ പട്ടണത്തിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്നായിരുന്നു പിനാക കന്നി പറക്കൽ നടത്തിയത്.
ഭഗവാൻ ശിവന്റെ വില്ലായ ‘പിനാക’യുടെ പേരാണ് പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകല്പന ചെയ്ത് നിർമിച്ച ഈ ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന് നൽകിയിരിക്കുന്നത്. 120 കിലോമീറ്റർ പരമാവധി ദൂരത്തിൽ ആണ് റോക്കറ്റ് പരീക്ഷിച്ചത്. ആസൂത്രണം ചെയ്തതുപോലെ എല്ലാം കൃത്യമായി നടന്നതായി ഡിആർഡിഒ വ്യക്തമാക്കി. ഈ നേട്ടത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയെയും മറ്റ് പങ്കാളികളെയും അഭിനന്ദിച്ചു.
പ്രതിരോധ ഗവേഷണ വികസന ലബോറട്ടറിയുടെയും ഗവേഷണ കേന്ദ്രമായ ഇമാറാത്തിന്റെയും പിന്തുണയോടെ, ഹൈ എനർജി മെറ്റീരിയൽസ് ഗവേഷണ ലബോറട്ടറിയുമായി സഹകരിച്ചാണ് പിനാകയുടെ നിർമാണം. ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരമാവധി കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. നിലവിൽ സേവനത്തിലുള്ള പിനാക ലോഞ്ചറിൽ നിന്നാണ് ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് വിക്ഷേപിച്ചത്.









Discussion about this post