ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാൻ മുതിർന്ന പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക ചുട്ട മറുപടി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വംശഹത്യയുടെ വക്കിലെത്തിച്ച പാകിസ്താൻ, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. “നിങ്ങളുടെ റെക്കോർഡ് എത്രത്തോളം ഭീകരമാണെന്ന് ലോകത്തിനറിയാം, അത് സ്വയം സംസാരിക്കുന്നുണ്ട്” എന്നായിരുന്നു ഇന്ത്യയുടെ താക്കീത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്താൻ പ്രസ്താവന നടത്തിയത്. എന്നാൽ പാകിസ്താൻ്റെ കാപട്യം തുറന്നുകാട്ടാൻ ഇന്ത്യയ്ക്ക് അധികസമയം വേണ്ടിവന്നില്ല. സ്വന്തം രാജ്യത്ത് ക്രിസ്ത്യൻ, സിഖ്, ഹിന്ദു വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാവുകയും ചെയ്യുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പഠിപ്പിക്കാൻ പാകിസ്താൻ വരേണ്ടതില്ലെന്ന് ഇന്ത്യ ആഞ്ഞടിച്ചു.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പാകിസ്താനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 1947-ൽ ഉണ്ടായിരുന്നതിന്റെ ഒരംശം പോലും ഇന്നില്ല. ഇത് അവിടെ നടക്കുന്ന ആസൂത്രിത പീഡനങ്ങളുടെ തെളിവാണ്.ലോകം മുഴുവൻ ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം മാനുഷിക മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.












Discussion about this post