ദിസ്പുർ : വോട്ട് ബാങ്കിനായി കോൺഗ്രസ് അസമിൽ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കുമെന്നും അമിത് ഷാ അസമിൽ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പറഞ്ഞു. അസമിലെ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഒരു ലക്ഷത്തിലധികം ബിഗ ഭൂമി മോചിപ്പിച്ചതായും അമിത് ഷാ വ്യക്തമാക്കി.
കോൺഗ്രസ് ഇത്രയും വർഷക്കാലം സംസ്ഥാനം ഭരിച്ചിട്ടും അസം പ്രസ്ഥാനത്തിൽ ജീവൻ ബലിയർപ്പിച്ചവർക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നുള്ളത് അതിശയിപ്പിക്കുന്നതാണെന്ന് അമിത് ഷാ സൂചിപ്പിച്ചു. “കോൺഗ്രസ് വർഷങ്ങളോളം നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നു, 1983 ൽ ഐഎംഡിടി നിയമം കൊണ്ടുവന്നുകൊണ്ട്, നുഴഞ്ഞുകയറ്റക്കാർക്ക് ഇവിടെ സ്ഥിരതാമസമാക്കാൻ നിയമപരമായ ഒരു മാർഗം സൃഷ്ടിച്ചു. കോൺഗ്രസിനെ സംബന്ധിച്ച് അവർ ഒരു പ്രധാന വോട്ട് ബാങ്ക് ആയിരുന്നു. എന്നാൽ ബിജെപി അധികാരത്തിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയാണ്. അസമിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ കണ്ടെത്തും, പുറത്താക്കും” എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
“അസമിന്റെ സംസ്കാരം , ഭൂമി, സ്വത്വം എന്നിവയ്ക്ക് ഏറ്റവും വലിയ ഭീഷണി അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ആണ്. മുൻ കോൺഗ്രസ് സർക്കാരുകൾ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി നിയമവിരുദ്ധമായ ഒത്തുതീർപ്പുകളെ പ്രോത്സാഹിപ്പിച്ചു. 10 വർഷം മുമ്പ് വരെ ഉപരോധങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്ന അസമിനെക്കുറിച്ച് ചിന്തിക്കുക. എന്നാൽ ബിജെപി അധികാരത്തിലെത്തിയതോടെ ഇന്ന് അസം പുരോഗതിയുടെ പാതയിലാണ്, ബിജെപി ഭരണത്തിന്റെ കഴിഞ്ഞ ദശകം അസമിൽ സമാധാനവും വികസനവും അടയാളപ്പെടുത്തിയ ‘സുവർണ്ണ കാലഘട്ടം’ ആണ്. ഇന്ന് വടക്കുകിഴക്കൻ മേഖലയുടെ വളർച്ചാ എഞ്ചിൻ ആയി മാറിയിരിക്കുകയാണ് അസം എന്നും അമിത് ഷാ വ്യക്തമാക്കി.











Discussion about this post