ന്യൂഡൽഹി: ഡൽഹിയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. കൊടും ഭീകരനും തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ഷാനവാസ് സഫിയുസ്മ അലാം എന്ന അബ്ദുള്ളയാണ് അറസ്റ്റിലായത്. രാവിലെ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഇയാൾ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
പൂനെ കേന്ദ്രമാക്കി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഒളിവിൽ കഴിയുകയായിരുന്ന ഇയാൾക്കായി ഏതാനും നാളുകളായി ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഷാനവാസ് അറസ്റ്റിലാകുന്നത്.
ഡൽഹിയിലെ ഒളിത്താവളത്തിൽ ഷാനവാസ് ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന നടത്തിയത്. കേസിലെ മറ്റ് പ്രതികളായ റിസ്വാൻ അബ്ദുൾ ഹാജി, അബ്ദുള്ള ഫയാസ് ഷെയ്ഖ് എന്നിവരെ പിടികൂടാനുണ്ട്. ഇവർക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ പൂനെ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ ഇവിടെ നിന്നും രക്ഷപ്പെട്ട ഷാനവാസ് ഡൽഹിയിൽ എത്തി ഒളിവിൽ പോകുകയായിരുന്നു.








