തിരുവനന്തപുരം: കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഷാരോണിനെ കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മ. കേസിന്റെ വിചാരണ കന്യാകുമാരിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
സംഭവം നടന്നത് തമിഴ്‌നാട് പരിധിയിൽ ആണെന്നാണ് ഗ്രീഷ്മയുടെ വാദം. അതിനാൽ കന്യാകുമാരിയിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ നെയ്യാറ്റിൻകര കോടതിയുടെ കീഴിലാണ് കേസുള്ളത്. ഇവിടെ വിചാരണ നടത്തുന്നത് സുപ്രീംകോടതിയുടെ മുൻകാല ഉത്തരവുകൾക്ക് എതിരാണ്. കന്യാകുമാരിയിൽ നിന്നും വിചാരണ നടപടികൾക്കായി നെയ്യാറ്റിൻകരയിലേക്ക് എത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സമാന ആവശ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും ഗ്രീഷ്മ സമീപിച്ചിരുന്നു. എന്നാൽ വിചാരണ കോടതി ഇതിൽ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതേ തുടർന്നാണ് സുപ്രീംകോടതിയിലേക്ക് ഗ്രീഷ്മ ട്രാൻസ്ഫർ പെറ്റീഷൻ നൽകിയത്. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ, മൂന്നാം പ്രതിയായ അമ്മാവൻ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post