കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ നിഷ്‌കളങ്കമായ ബാല്യത്തിന്റെ കളിചിരികൾ നമ്മുടെ ഉള്ളുനിറയ്ക്കും.എന്നാൽ ഒരു കുട്ടിയെ വളർത്തി വലുതാക്കി എടുക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ചെറുപ്രായത്തിൽ വാശിയും ദേഷ്യവും അൽപ്പം കൂടുതൽ ആയത് കൊണ്ട് തന്നെ അച്ഛനമ്മമാർ കുറുമ്പൻമാരുടെ അനുസരണക്കേട് കൊണ്ട് പൊറുതിമുട്ടും. ഇതിന് പലപ്പോഴും തല്ല് അല്ലെങ്കിൽ വഴക്കാണ് പോംവഴിയായി പറയാറുള്ളത്.
കുട്ടികൾ അനുസരണയുള്ളവരാകാൻ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.
പറഞ്ഞാൽ അനുസരിക്കില്ല എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. പറയേണ്ട രീതിയിൽ പറഞ്ഞാൽ ഏത് വാശിക്കുടുക്കകളെയും അനുസരിപ്പിക്കാൻ കഴിയും. എന്നാൽ ഇതിനായി സമയം ചെലവഴിക്കുന്നതിനുള്ള മനസുണ്ടാകണമെന്നു മാത്രം.
കള്ളം പറയുന്ന സ്വഭാവമുള്ള കുട്ടിയാണ് എങ്കിൽ ഉടനടി ശിക്ഷ വടി എടുത്ത് അടിക്കുക എന്നതല്ല. കള്ളം പറയുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ അവനെ ബോധ്യപ്പെടുത്തണം. അതിനുശേഷം മാത്രമേ എന്തുകൊണ്ട് മാതാപിതാക്കൾ ഇക്കാര്യത്തിൽ ശകാരിക്കുന്നത് എന്തിനാണെന്ന് പറയുന്നതിൽ കാര്യമുള്ളൂ. മാതാപിതാക്കൾ തന്നെ അമിതമായി വേദനിപ്പിക്കുന്നു എന്ന തോന്നലുണ്ടായാൽ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകലാനുള്ള സാധ്യത വളരെ കൂടുതലാണ്.എല്ലായ്പ്പോഴും കുട്ടികളോട് നോ പറയാതെ ചെയ്തു കൊടുക്കാവുന്ന ദോഷമില്ലാത്ത കാര്യങ്ങളോട് യെസ് എന്ന സമീപനം സ്വീകരിയ്ക്കാം. ഇത് മാതാപിതാക്കളോട് സ്നേഹവും ബഹുമാനവുമുണ്ടാകാൻ സഹായിക്കും.
എല്ലാ കാര്യങ്ങളിലും പഴിചാരുകയും ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും കാണുന്നില്ലെന്നും വരുമ്പോൾ കുട്ടികളെ അത് മാനസികമായി തളർത്തും. വഴക്കുപറഞ്ഞാൽ എല്ലാം ശരിയായി എന്ന് രക്ഷിതാക്കൾ കരുതരുത്. പകരം കുട്ടിയുമായി തുറന്ന് സംസാരിക്കാനും ചെയ്ത തെറ്റിനെ കുറിച്ച് കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുക. പിഴവുകൾ കണ്ടെത്തി പരിഹരിക്കുക, ഇത് പിന്നീട് അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൂടി സഹായിക്കും.
കുട്ടികളോട് ഒരിയ്ക്കലും ഉച്ചത്തിൽ അലറി വിളിച്ചു സംസാരിയ്ക്കരുത്. ഇത് ഇതേ രീതിയിലുള്ള സമീപനം തിരിച്ചുമുണ്ടാകാൻ ഇട വരുത്തും. കുട്ടികളോട് സ്നേഹം പുറത്തു പ്രകടിപ്പിയ്ക്കുക. ഇത് ഉള്ളിൽ വയ്ക്കുവാനുള്ളതല്ല. ഇത് മാതാപിതാക്കൾക്ക് തങ്ങളോട് സ്നേഹമുണ്ടെന്നു തിരിച്ചറിയുവാൻ കു്ട്ടികളെ സഹായിക്കും. കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. ഇത് കുട്ടികളുടെ ആത്മവിശ്വാസം തകർത്തു കളയും.
പത്തു വയസ്സ് കഴിഞ്ഞ കുട്ടികളെ വീട്ടുകാര്യങ്ങൾ സംസാരിക്കുമ്പോൾ കൂടെ ഇരുത്താനും അവർക്ക് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയാനുമുള്ള അവസരങ്ങൾ കൊടുക്കണം. വീട്ടിൽ ഞങ്ങൾക്കും ഇടമുണ്ട്, ഞങ്ങളുടെ അഭിപ്രായങ്ങളും പരി?ഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കാൻ ഇത് സഹായിക്കും. വീട് വൃത്തിയാക്കൽ, തുണി മടക്കിവെക്കൽ തുടങ്ങി പ്രായത്തിനനുസരിച്ച് അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളിലെല്ലാം കുട്ടിയെ കൂടെക്കൂട്ടാം, ഞാനും ഈ കുടുംബത്തിന്റെ ഭാഗമാണെന്ന ചിന്ത കുട്ടികളിൽ വേരുറപ്പിക്കും.
Discussion about this post