ആരോഗ്യവും തിളക്കമാർന്നതുമായ ചർമ്മവും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഇതിനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നതാകട്ടെ സൗന്ദര്യവർദ്ധക വസ്തുക്കളെയും. മാരകമായ രാസ വസ്തുക്കളാണ് ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത്. ഇതിന്റെ തുടർച്ചയായ ഉപയോഗം ചർമ്മത്തെ മാത്രമല്ല കിഡ്‌നിയുൾപ്പെടെയുള്ള ആന്തരികാവയവങ്ങളെയും ബാധിക്കുമെന്നാണ് പഠനം.
ഭക്ഷണ ശീലത്തിൽ ഉണ്ടായിരിക്കുന്ന മാറ്റമാണ് യഥാർത്ഥത്തിൽ നമ്മുടെ ചർമ്മ സൗന്ദര്യത്തെയും ബാധിക്കുന്നത്. ആഹാരത്തിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്കും ആരോഗ്യമുള്ള ചർമ്മം നേടിയെടുക്കാം.
മാതള നാരങ്ങ
ചർമ്മത്തിന് നിറം വേണമെന്ന് ആഗ്രഹിക്കുന്നവർ നിത്യേന മാതള നാരങ്ങ ശീലമാക്കുന്നത് നന്നായിരിക്കും. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ വിറ്റമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന് നിറം നൽകും.
കാരറ്റ്, ഓറഞ്ച്, നെല്ലിക്ക, നാരങ്ങ
ശരീരത്തിന് നിറം നൽകാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് വിറ്റാമിൻ സി. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ സിറ്റാമിൻ സി ധാരാളം ഉണ്ട്. ഇതിന് പുറമേ ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്. അതിനാൽ ഇവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും ഇവ കഴിക്കുന്നത് നന്നായിരിക്കും.
പേരയ്ക്ക
നമുക്ക് ചുറ്റും സുലഭമായി കാണപ്പെടുന്ന പഴമാണ് പേരയ്ക്ക. ഇത് നിത്യേന കഴിക്കുന്നത് ശരീരത്തിന് നിറം ലഭിക്കാൻ സഹായിക്കും. ഒരു പേരക്കയിൽ 15 ഓറഞ്ചിന് തുല്യമായ വിറ്റാമിൻ സിയുണ്ടെന്നാണ് പറയപ്പെടുന്നത്.
നട്‌സ്
ചർമ്മത്തിന്റെ ആരോഗ്യത്തിന് നട്‌സുകൾ ദിവസേന കഴിക്കുന്നത് നന്നായിരിക്കും. കശുവണ്ടി, കപ്പലണ്ടി, ബദാം, വാൾനട്ട് എന്നിവ നിത്യേന കഴിക്കുന്നത് നന്നായിരിക്കും. എന്നാൽ എണ്ണമയമുള്ള ചർമ്മം ഉള്ളവർ നട്‌സ് അധികം കഴിക്കരുത്. ഇത് ചർമ്മത്തിലെ എണ്ണമയം വർദ്ധിക്കാൻ കാരണമാകും.
മധുരം ഒഴിവാക്കാം
ഭൂരിഭാഗം പേരിലും ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണം ആകുന്നത് മധുരത്തിന്റെ അമിതമായ ഉപയോഗം കാരണമാണ്. അതുകൊണ്ടു തന്നെ മധുരം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കാം.
Discussion about this post