തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഹൃദയം കവർന്ന കന്നട നടിയാണ് സുമലത. ചുവന്ന വട്ടപ്പൊട്ടും, സാരിയും, കരിമഷി എഴുതിയ കണ്ണുകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പദ്മരാജന്റെ നായിക ക്ലാര. ഇന്നും സുമലത എന്നാൽ മലയാളികൾക്ക് ക്ലാരയാണ്. അതിനപ്പുറം മറ്റൊരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ മലയാള മനസ് വിശാലമാകാത്തതല്ല, മറിച്ച് ക്ലാര അവരുടെ മനസ്സിൽ അത്രമാത്രം ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ടാണത്.
ഇന്ന് മകൻ അഭിഷേക് അംബരീഷിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സുമലത പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. അഭിഷേക് കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയും, ഇപ്പോഴത്തെ ഫോട്ടോയും ഒരുമിച്ചുവെച്ചാണ് പോസ്റ്റ്.
തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വിലപ്പെട്ട സമ്മാനമാണ് തന്റെ മകനെന്ന് സുമലത പറയുന്നു. ‘‘എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും, ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്‍, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും തേടേണ്ടതും നേടേണ്ടതും അതാണ്.’’ സുമലത കുറിച്ചു 1991 ല്‍ ആണ് കന്നട ചലച്ചിത്ര താരവും രാഷ്ട്രീയക്കാരനുമായ അംബരീഷുമായുള്ള സുമലതയുടെ വിവാഹം കഴിഞ്ഞത്. 1993 ല്‍ മകന്‍ അഭിഷേക് ജനിച്ചു. 2023 ജൂണിലായിരുന്നു അഭിഷേകിന്റെ വിവാഹം. ഭാര്യ അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിഷേകും സിനിമയിൽ അഭിനയിച്ചിരുന്നു. ‘അമർ’ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്.
2019 ൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് ഒരുലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സുമലത നിലവിൽ എംപിയുമാണ്.












