എറണാകുളം: മൂവാറ്റുപുഴയിൽ പോലീസുകാരൻ തൂങ്ങിമരിച്ചു. റാക്കാട് സ്വദേശി ജോബി ദാസ് (48) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയോടെയാണ് അദ്ദേഹത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദവും സഹപ്രവർത്തകരിൽ നിന്നുള്ള ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉപദ്രവിച്ച ഉദ്യോഗസ്ഥരുടെ പേരുകളും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിന് പുറമേ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള പോലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവറാണ് സിപിഒ ആയ ജോബി.











