ശ്രീനഗർ: ജമ്മു കശ്മീരിൽ 16 കാരനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. അനന്തനാഗ് ജില്ലയിൽ ആയിരുന്നു സംഭവം. വാട്ടെർഗാം ദ്യൽഗാം സ്വദേശി സാഹിൽ ബഷീർ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ ഒളിച്ചിരിക്കാൻ വിസമ്മതിച്ചെന്ന കാരണത്താൽ ആയിരുന്നു ഭീകരർ സാഹിലിനെ കൊലപ്പെടുത്തിയത്. സുരക്ഷാ സേനയെ ഭയന്ന് ഒരു സംഘം ഭീകരർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് സഹിലിന്റെ സഹോദരി പറയുന്നു. മുഖം മൂടി ധരിച്ച് ആയുധങ്ങളുമായായിരുന്നു ഇവർ വീട്ടിലേക്ക് കടന്നത്. ഇവരെ കണ്ട അമ്മ മോഷ്ടാക്കളെന്ന് പറഞ്ഞ് ബഹളംവച്ചു. ഇതോടെ ഭീകരർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഭീകരരിൽ ഒരാൾ സാഹിലിനെ പിടികൂടിയിരുന്നു.
എത്രയും വേഗം വീട്ടിൽ നിന്നും ഇറങ്ങാൻ ഭീകരരോട് മാതാവ് ആവശ്യപ്പെട്ടു. ഇതിൽ അരിശംപൂണ്ട ഭീകരർ സാഹിലിന്റെ കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം അവർ ഓടി രക്ഷപ്പെട്ടുവെന്നും സഹോദരി വ്യക്തമാക്കി. ബഹളംകേട്ട് പ്രദേശവാസികളിൽ ചിലർ വീടിന് പുറത്തേക്ക് വന്നിരുന്നു. ഇവരെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഭീകരർ സ്ഥലം വിട്ടത്. അതിനാൽ ആരും സഹായത്തിന് എത്തിയില്ല. പിതാവ് വന്ന ശേഷമാണ് സാഹിലിനെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെ കുട്ടിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post