ന്യൂഡൽഹി: ഇസ്രയേലിലെ പ്രതിപക്ഷത്തെ ഭാരതത്തിലെ പ്രതിപക്ഷം കണ്ടുപഠിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഹമാസ് ഭീകരവാദികൾ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിനു പിന്നാലെ, ഇസ്രയേലിലെ പ്രതിപക്ഷം ബെഞ്ചമിൻ നെതന്യാഹു സർക്കാരിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവച്ചാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ രാജീവ് ചന്ദ്രശേഖർ ഈ കാര്യം പ്രതിപക്ഷത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ശത്രുക്കളുമായി കരാറിൽ ഏർപ്പെടുകയും സൈന്യത്തെ ചോദ്യം ചെയ്ത് അവരുടെ ആത്മവീര്യവും ആത്മവിശ്വാസവും തകർക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ പ്രതിപക്ഷമെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
‘ഇസ്രയേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നതു നോക്കൂ. രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് രാഷ്ട്ര താൽപര്യം മുൻനിർത്തി അവർ മുന്നേറുന്നു. ശക്തരായ നേതാക്കൾ, ശക്തമായ തത്വങ്ങൾ.’ ‘ജനങ്ങൾ പ്രതിപക്ഷത്തേക്ക് പറഞ്ഞുവിട്ട കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ. അവർ ശത്രുക്കളുമായി ധാരണാപത്രത്തിൽ ഒപ്പിടുന്നു. നമ്മുടെ സായുധ സേനയെ ചോദ്യം ചെയ്യുന്നു. അവരുടെ ആത്മവീര്യവും ആത്മവിശ്വാസം തകർക്കാനായി സാധ്യമായതെല്ലാം ചെയ്യുന്നു. നീചരായ ആളുകൾ, നീചമായ മനസ്സുകൾ, നീചമായ രാഷ്ട്രീയം’ – രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇസ്രയേലിനെതിരെ ഹമാസ് ഭീകരവാദികൾ നടത്തിയ ഹീനമായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചതായി ഇസ്രയേലിലെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വ്യക്തമാക്കിയിരുന്നു. ഈ അടിയന്തര ഘട്ടത്തിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒപ്പം നിൽക്കുന്നതായി പ്രധാനമന്ത്രിയെ അറിയിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Discussion about this post