കൊല്ലം: ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായത്തോട് യോജിപ്പാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. മറ്റുള്ളവര്‍ കുമ്മനത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ അതിനുള്ള സാധ്യതകള്ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണം വിശ്വാസികള്‍ നടത്തുന്നതായിരിക്കും സുഗമമായ പ്രവര്‍ത്തനത്തിന് നല്ലത്. താന്‍ വിശ്വാസിയായതിനാലാണ് ഇത് പറയുന്നത്. എത്ര വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നതാണ് ക്ഷേത്ര പുരോഗതിയ്ക്കും ഭക്ത സമൂഹത്തിനും ആശാസ്യമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
അതേ സമയം സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്ക് വിശദീകരണം നല്കി പ്രയാര്‍ ഗോപാലകൃഷ്ണന്. സ്ത്രീകളുടെ ശുദ്ധി പരിശോധിക്കാനുള്ള യന്ത്രമുണ്ടാകുമ്പോള് താന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് ഉണ്ടാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
സ്ത്രീകളുടെ ശുദ്ധി പരിശോധിക്കാനുള്ള സ്കാനിംഗ് മെഷീന് വരുന്ന കാലത്ത് അവരുടെ ശബരിമല പ്രവേശനത്ത പറ്റി ചിന്തിക്കാമെന്നതായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു വിഷയത്തെ പ്രയാര്‍ ഗോപാലകൃഷ്ണന് വിശദീകരിച്ചത്. തന്റെ കാലത്ത് ഒരു കാരണവശാലും ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റിച്ച് സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post