തൃശൂർ : ക്വാറിയ്ക്കെതിരെ നൽകിയ പരാതി പിൻവലിക്കാനായി പണം വാഗ്ദാനം ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവിന്റെ വീഡിയോ പുറത്ത്. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനാണ് പരാതിക്കാരന് പണം വാഗ്ദാനം ചെയ്യുന്നത്. വെള്ളിക്കുളങ്ങരയിൽ ക്വാറിയ്‌ക്കെതിരെ പരാതി നൽകിയ വ്യക്തിയോട് പരാതി പിൻവലിക്കുകയാണെങ്കിൽ ഉടമയിൽ നിന്നും പണം വാങ്ങിത്തരാം എന്നാണ് വൈശാഖൻ വാഗ്ദാനം ചെയ്തത്. 80 ലക്ഷം രൂപയാണ് വൈശാഖൻ വാഗ്ദാനം ചെയ്തതെന്ന് പരാതിക്കാരൻ അജിത് കൊടകര വ്യക്തമാക്കി. ഒന്നരവർഷം മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തെയും ഡിവൈഎഫ്ഐ നേതാവ് വൈശാഖനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. സംഭവം വാർത്തയായതോടെ വീഡിയോ പുറത്ത് വിട്ടത് താനല്ല എന്ന് പരാതിക്കാരനായ അജിത് കൊടകര വ്യക്തമാക്കി.
ഒരു വർഷമായി തന്റെ ഫോൺ കൊടകര പോലീസ് സ്റ്റേഷനിൽ ആണെന്നും ഈ സ്റ്റേഷനില്‍ നിന്നാണ് ദൃശ്യം ലീക്കായതെന്നും അജിത് കൊടകര അറിയിച്ചു. പരാതി പിൻവലിക്കാനായി ക്വാറി ഉടമയോട് ഒരുകോടി രൂപ ആവശ്യപ്പെടണമെന്നും തന്റെ കമ്മീഷൻ കഴിച്ച് 80 ലക്ഷം രൂപ നൽകാമെന്നും വൈശാഖൻ പറഞ്ഞതായാണ് അജിത് വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു അഭിഭാഷകന്‍ എന്ന നിലയ്ക്കാണ് സംഭവത്തില്‍ ഇടപെട്ടതെന്നാണ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വൈശാഖൻ നടത്തുന്ന വിശദീകരണം. ഈ വീഡിയോ പുറത്തുവിട്ടവരുടെ പശ്ചാത്തലം കൂടി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് വ്യക്തമാക്കി.








