ന്യൂഡൽഹി: ബദരിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബദരിനാഥിലും കേദാർനാഥിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം തുകയുടെ ചെക്ക് ബദരിനാഥ് -കേദാർനാഥ് ക്ഷേത്ര കമ്മിറ്റിക്ക് കൈമാറിയത്.
കുടുംബത്തിനൊപ്പമാണ് മുകേഷ് അംബാനി ചമോലിയിലും രുദ്രപ്രയാഗിലുമുളള ക്ഷേത്രങ്ങളിൽ എത്തിയത്. ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കിഷോർ പവാർ ഇവരെ സ്വീകരിച്ചു. കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ അജേന്ദ്ര അജയ് ഉൾപ്പെടെയുളളവർ മുകേഷ് അംബാനിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
ക്ഷേത്രസമിതി മുന്നോട്ടുവെയ്ക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് മുകേഷ് അംബാനിയോട് വിശദീകരിച്ചതായും അദ്ദേഹം സാദ്ധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും അജേന്ദ്ര അജയ് പറഞ്ഞു. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി 25 കോടി രൂപ സംഭാവന നൽകിയിരുന്നു.
ഫേർബ്‌സ് തയ്യാറാക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി അദാനിയെ പിന്തളളി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 92 ബില്യൻ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തിയായി കണക്കാക്കുന്നത്.
Discussion about this post