ബംഗളൂരു: കർണാടകയിൽ ഹമാസ് ഭീകരരെ പിന്തുണച്ച യുവാവ് പിടിയിൽ. വിജയനഗർ ജില്ലയിലായിരുന്നു സംഭവം. 20 കാരനായ അലം പാഷയാണ് പിടിയിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാട്‌സ് ആപ്പിലൂടെയായിരുന്നു ഹമാസിനെ പിന്തുണച്ച് അലം പാഷ രംഗത്ത് എത്തിയത്. ഹമാസ് അനുകൂല സന്ദേശം ഇയാൾ വാട്‌സ് ആപ്പിൽ സ്റ്റാറ്റസായി ഇടുകയായിരുന്നു. അലം പാഷയുൾപ്പെടെ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ ഹമാസിനെ പിന്തുണയ്ക്കുകയും ഇന്ത്യ വിരുദ്ധ വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അലം പാഷ പിടിയിലായത്.
സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. അലമിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.









