ടെഹ്‌റാൻ : ഭിന്നശേഷിക്കാരിയായ ആരാധികയെ ആംലിംഗനം ചെയ്തതിന് പ്രശസ്ത ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ഇറാൻ. ഇറാനിയൻ ചിത്രകാരിയായ യുവതിയെ റൊണാൾഡൊ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഭരണകൂടം കുറ്റം ചുമത്തി 99 ചാട്ടവാറടികൾ ശിക്ഷയായി വിധിച്ചത്. അടുത്ത തവണ ഇറാൻ സന്ദർശിക്കുമ്പോൾ റൊണാൾഡോ ശിക്ഷ നേരിടേണ്ടി വന്നേക്കും.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പെർസെപോളിസിനെതിരായ മത്സരത്തിൽ പങ്കെടുക്കാൻ സെപ്റ്റംബറിലാണ് താരം തന്റെ ടീമിനൊപ്പം ടെഹ്റാനിലേക്ക് പോയത്. രാജ്യത്തെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ആരാധികയായ ഫാത്തിമ ഹമാമി താൻ കാലുകൾ കൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിക്കുകയയിരുന്നു. ഇതിനെ അഭിനന്ദിച്ച റൊണാൾഡോ തന്റെ ഒപ്പിട്ട ജഴ്‌സി ആരാധികയ്ക്ക് സമ്മാനിച്ചു. അതോടൊപ്പം അവളെ ആലിംഗനം ചെയ്യുകയും അവൾക്ക് ചുംബനം നൽകുകയും ചെയ്തു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നിരവധി ഇറാനിയൻ അഭിഭാഷകർ ആരോപണം ഉന്നയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ നിയമമനുസരിച്ച്, അവിവാഹിതയായ സ്ത്രീയുമായുള്ള ശാരീരിക സമ്പർക്കം വ്യഭിചാരത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു. അതിനാൽ റൊണാൾഡോ ചെയ്ത പ്രവൃത്തി വ്യഭിചാരമാണെന്നാണ് ഭരണകൂടം പറയുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇറാൻ സന്ദർശനങ്ങളിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടയാൾ പശ്ചാത്താപം പ്രകടിപ്പിച്ചാൽ് ജഡ്ജി മാപ്പുനൽകാൻ സാധ്യതയുണ്ട്.
Discussion about this post