കൊല്ലം: നവീകരണത്തിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ കെട്ടിടങ്ങൾ പൊളിക്കും. നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് നീക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേയുടെ പ്ലാറ്റിനം ഗ്രേഡിലാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം.
കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. 2025 അവസാനത്തോടെ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 361 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം. ഇത് പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ റെയിൽവേ സ്റ്റേഷനായി കൊല്ലം റെയിൽവേ സ്റ്റേഷൻ മാറും. രണ്ട് ടെർമിനലുകളാണ് നിർമ്മിക്കുക. യാത്രികർക്കായി ആറ് എസ്കലേറ്റർ, 12 ലിഫ്റ്റുകൾ എന്നിവ സജ്ജമാക്കും. മൾട്ടിലെവൽ കാർ പാർക്കിംഗ് സമുച്ഛയം, പ്ലാറ്റഫോമുകളെ ബന്ധിപ്പിക്കുന്ന എയർകോൺകോഴ്സ് എന്നിവയും നിർമ്മിക്കും.
ഷോപ്പിംഗ് മാളിന്റെ മാതൃകയിലാണ് കോൺകോഴ്സിന്റെ നിർമ്മാണം. 2025 ഡിംസബറിനുള്ളിൽ പണി പൂർത്തിയാക്കണമെന്നാണ് കരാർ എങ്കിലും ആറ് മാസം മുൻപുതന്നെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം റെയിൽവേ സ്റ്റേഷനിൽ മെമു ഷെഡിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. 24 കോടി രൂപ ചിലവിട്ടാണ് മെമു ഷെഡ് നിർമ്മിക്കുന്നത്.
Discussion about this post