ജറുസലേം: ഹമാസ് നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദിനെ കൊലപ്പെടുത്തിയത് എന്നും ഇസ്രായേൽ അറിയിച്ചു.
ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ് കൊല്ലപ്പെട്ട മുറാദ്. ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ തലവൻ കൂടിയായ ഇയാൾ നിരവധി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച യുദ്ധത്തിന് കാരണമായ ഭീകരാക്രമണം നടത്തിയതിൽ മുറാദിന് പങ്കുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.
രാത്രിയായിരുന്നു ഇസ്രായേൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇതിൽ നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മുറാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത് ഇപ്പോഴാണ്. അതേസമയം സംഭവത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല.












