ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിന്ദുക്കളെയും സിഖ് വിഭാഗങ്ങളെയും ഭീഷണിപ്പെടുത്തി പോസ്റ്ററുകൾ. പൂഞ്ച് ജില്ലയിലെ ദേഗ്‌വാർ സെക്ടറിലുള്ള മാൽദിയലൻ ഗ്രാമത്തിലായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. ഹിന്ദുക്കളും സിഖ് വിഭാഗങ്ങളും എത്രയും വേഗം നാട് വിടണം എന്നാണ് ഭീഷണി. നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം ആയിരിക്കും ഉണ്ടാകുക എന്നും പോസ്റ്ററിൽ മുന്നറിയിപ്പ് ഉണ്ട്. ഇത് കണ്ട പ്രദേശവാസികൾ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മേഖലായണ് ദേഗ്‌വാർ സെക്ടർ. ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചയുടൻ പോലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തി. ഗ്രാമത്തിൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോസ്റ്ററുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ആറോളം പോസ്റ്ററുകളാണ് പതിപ്പിച്ചിരുന്നത്. അഭിഭാഷകന്റെ വീടിന് മുൻപിൽ അടക്കം പ്രതികൾ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. സംഭവം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.
Discussion about this post