കണ്ണൂർ: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം. കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിലായിരുന്നു അപകടം. പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്നു മറ്റൊരു കാറും പെട്രോളടിക്കുന്ന മെഷീനും ഉൾപ്പെടെ ഇടിയിൽ തകരുകയും ചെയ്തു.
ഡിവൈഡർ തകർത്ത് കണ്ണൂർ കളക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. എആർ ക്യാമ്പിലെ പോലീസ് വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ജോയിന്റ് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പമ്പിൽ പെട്രോൾ അടിക്കാൻ വന്ന മറ്റൊരു കാറിലേക്കാണ് പോലീസ് ജീപ്പ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഈ വാഹനം പെട്രോളടിക്കുന്ന മെഷീനിലേക്ക് ഇടിച്ചുകയറുകയും മെഷീൻ തകർന്നുവീഴുകയുമായിരുന്നു. ഇന്ധനചോർച്ച ഉണ്ടാകാനുളള സാദ്ധ്യത മുൻനിർത്തി അഗ്നിശമന സേനയെ വിളിച്ചുവരുത്തിയെങ്കിലും കൂടുതൽ അപകടം ഉണ്ടായില്ല.
അപകടകാരണം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.
Discussion about this post