കോഴിക്കോട്: മലാപ്പറമ്പിൽ ബസുകൾക്കിടയിൽപ്പെട്ട് ദമ്പതികൾ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബസ് ഡ്രൈവർ അഖിൽ കുമാർ , ബസ് ഉടമ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
അഖിൽ കുമാറിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും, അരുണിനെതിരെ പ്രേരണാകുറ്റത്തിനുമാണ് കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കക്കോട് സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരായിരുന്നു മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവർക്കും ഉടമയ്ക്കും എതിരെ കേസ് എടുത്തത്.
മലാപ്പറമ്പിന് സമീപം വെങ്ങേരിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ബൈക്കിലായിരുന്നു ഷൈജുവും ജീമയും സഞ്ചരിച്ചിരുന്നത്. മുൻപിൽ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ഇവർ സഞ്ചരിച്ച ബൈക്ക് അതിൽ ഇടിക്കുകയായിരുന്നു. ഈ സമയം ഇവർക്ക് പിന്നിൽ ഉണ്ടായിരുന്ന മറ്റൊരു ബസ് ഇടിച്ച് കയറി. ഇതോടെ ഇരുവരും ബസുകൾക്കിടയിൽപ്പെടുകയായിരുന്നു.
അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post