ഹൈദരാബാദ്: തമിഴ് നടൻ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ലിയോ റിലീസ് കാത്തിരിക്കുന്ന ആരാധകരെ ആശങ്കയിലാക്കി പേര് വിവാദം. വിവാദം കോടതി കയറിയതോടെ, ചിത്രത്തിന്റെ തെലുങ്ക് റിലീസ് മാറ്റി വെച്ചേക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം. ഒക്ടോബർ 19ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ്, ഒക്ടോബർ 20 വരെ തടഞ്ഞുകൊണ്ട് ഹൈദരാബാദ് സിവിൽ കോടതി ഉത്തരവിട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
‘ലിയോ‘ എന്ന പേരിന്മേൽ അവകാശവാദം ഉന്നയിച്ച് സിതാര എന്റർടെയ്ന്മെന്റ്സ് ഉടമ നാഗവംശി ഫയൽ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്. അതിരാവിലെ ചിത്രത്തിന്റെ ആദ്യപ്രദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന് വിട്ടതിന് പിന്നാലെയാണ് പുതിയ തിരിച്ചടി എന്നാണ് വിവരം.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നേരത്തെ തമിഴ്നാട് സർക്കാർ ചിത്രത്തിന്റെ അതിരാവിലെയുള്ള പ്രദർശനം തടഞ്ഞിരുന്നു. രാവിലെ 9.00 മണിക്കാണ് തമിഴ്നാട്ടിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ കേരളത്തിലും കർണാടകയിലും ലിയോക്ക് അതിരാവിലെ പ്രദർശനങ്ങൾ ഉണ്ട്.
വിജയ്ക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്ത്, തൃഷ കൃഷ്ണൻ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലിയോ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്. കൈതി, മാസ്റ്റർ, വിക്രം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ആണ് ലിയോ സംവിധാനം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Discussion about this post