തൃശൂർ; കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പതിവുപോലെ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ. തൃശൂർ കേരള വർമ്മയിലും മാള എഐഎം ലോ കോളജിലുമാണ് ഇക്കുറി സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും അതിരുവിട്ടത്.
കേരളവർമ്മ കോളജിൽ വൈകിട്ട് ഒരു മണിക്കൂറോളമാണ് അദ്ധ്യാപകരെയും ജീവനക്കാരെയും ഉപരോധിച്ചത്. സമരക്കാരെ ബലംപ്രയോഗിച്ച് നീക്കിയ ശേഷമാണ് പോലീസ് ഗേറ്റ് തുറന്നത്. കെഎസ്‌യു, എഐഎസ്എഫ് പാനലുകളിൽ പത്രിക സമർപ്പിച്ചിരുന്ന ഏഴ് പേരുടെ അഡ്മിഷൻ രജിസ്റ്റർ നമ്പരിൽ വ്യത്യാസമുണ്ടെന്നും അത് തളളണമെന്നുമായിരുന്നു എസ്എഫ്‌ഐ നേതാക്കളുടെ ആവശ്യം.
ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. എന്നാൽ സർവ്വകലാശാല മാനദണ്ഡപ്രകാരമുളള നോമിനൽ നമ്പർ കൃത്യമാണെന്നും പത്രിക തളളാനാകില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. സർവ്വകലാശാല തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷം ഇന്നലെ പത്രിക സ്വീകരിക്കാൻ റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ചതാണ് എസ്എഫ്‌ഐയെ ചൊടിപ്പിച്ചത്. തുടർന്നായിരുന്നു അദ്ധ്യാപകരെ പൂട്ടിയിട്ടത്.
മാളയിൽ കെഎസ് യുക്കാർക്ക് വേണ്ടി പ്രിൻസിപ്പൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി നീട്ടി നൽകിയെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രിൻസിപ്പൽ ആശ മരിയയെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി നീട്ടിയതായി കാണിച്ച് പ്രിൻസിപ്പൽ നോട്ടീസ് ബോർഡിലിട്ട നോട്ടീസും ഇവർ കീറിക്കളഞ്ഞു.
Discussion about this post