ന്യൂഡൽഹി: ഹമാസ്- ഇസ്രായേൽ യുദ്ധം തുടരുന്നതിനിടെ ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്ക്ക് വേണ്ടി മാനുഷിക സഹായം നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചത്. പലസ്തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായം ഇന്ത്യ തുടർന്നും നൽകുമെന്ന് അബ്ബാസിന് ഉറപ്പ് നൽകിയതായി അദ്ദേഹം എക്‌സ് പോസ്റ്റിൽ അറിയിച്ചു.
”ഭീകരവാദം, അക്രമം, മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം എന്നിവയിൽ ഞങ്ങളുടെ അഗാധമായ ആശങ്ക പങ്കുവെച്ചു. ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനം വലിയ ഞെട്ടലുണ്ടാക്കിയെന്നും അതിൽ ഉൾപ്പെട്ടവർ ഉത്തരവാദികളായിരിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.
Discussion about this post