ന്യൂഡൽഹി: ആദായനികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നെഹ്‌റു കുടുംബത്തിന് ആശ്വാസം. ആദായനികുതി കണക്കാക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവ്.
ആദായനികുതി വകുപ്പിലെ സെൻട്രൽ സർക്കിളിന് ഫയലുകൾ കൈമാറിയതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, യംഗ് ഇന്ത്യൻ, ജവഹർ ട്രസ്റ്റ് എന്നിവയുടെ ആദയനികുതി നിർണയമാണ് സെൻട്രൽ സർക്കിളിന് കൈമാറിയത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജികൾ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നവംബർ ഏഴിന് സുപ്രീംകോടതി ഹർജികൾ വീണ്ടും പരിഗണിക്കും. ഇതിന് ശേഷമേ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിക്കുകയുള്ളൂ.
പ്രിയങ്കാ വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ആയുധ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി നിർണയം നടത്താൻ തീരുമാനിച്ചത്. അതേസമയം ആംആദ്മി പാർട്ടിയുടെ ആദായ നികുതി നിർണയവും സുപ്രീംകോടതി ഉത്തരവ് പ്രകാരം നിർത്തിച്ചിട്ടുണ്ട്.








