മുംബൈ : ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് സച്ചിൻ ടെണ്ടുൽക്കർ ഒരു വികാരമാണ്. 2023ലെ ഏകദിന ലോകകപ്പിലും സച്ചിൻ പ്രഭാവത്തിന് യാതൊരു മങ്ങലുമില്ല. സച്ചിനോടുള്ള ഈ ആരാധന കൂടുതൽ വ്യക്തമാക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യക്കാർക്ക് സച്ചിനോടുള്ള ആദരവ് വ്യക്തമാക്കുന്നത്.
നവംബർ ഒന്നിന് വാങ്കഡെ സ്റ്റേഡിയം വളപ്പിൽ സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യും. സച്ചിന്റെ ഹോം ഗ്രൗണ്ട് കൂടിയായ മുംബൈയിലെ സ്റ്റേഡിയത്തിലെ
സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിന് സമീപമാണ് പ്രതിമ സ്ഥാപിക്കുന്നത്. നവംബർ രണ്ടിന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് മത്സരത്തിന്റെ തലേന്ന് ഉദ്ഘാടനം നടത്തുമെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ അറിയിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ സച്ചിനോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും പങ്കെടുക്കും. ഈ വർഷം സച്ചിൻ ടെണ്ടുൽക്കർക്ക് 50 വയസ്സ് പൂർത്തിയാകുന്ന വേളയിലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഇത്തരത്തിൽ ഒരു ആദരവ് നടത്തുന്നത്. 1991-ലെ രഞ്ജി ട്രോഫി ഫൈനൽ ഉൾപ്പെടെ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ അവിസ്മരണീയമായ നിരവധി മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിന് ശേഷം സച്ചിൻ തന്റെ ക്രിക്കറ്റ് കരിയർ ഔദ്യോഗികമായി അവസാനിപ്പിച്ചതും വാങ്കഡെയിൽ ആയിരുന്നു.









