എറണാകുളം: എറണാകുളം ജില്ലയെ ഞെട്ടിച്ച് വീണ്ടും കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വിവിധഭാഷാ തൊഴിലാളികളായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലെ തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവിടെ വച്ചായിരുന്നു കുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. കുട്ടിയെയും കൊണ്ടാണ് ഇവർ ഇവിടെ ജോലി ചെയ്തിരുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇയാൾ കുഞ്ഞിനെ എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
ഫാക്ടറിയിലെ മറ്റ് തൊഴിലാളികൾ ആണ് സംഭവം കണ്ടത്. ഉടനെ വിവരം ഫാക്ടറി അധികൃതരെ അറിയിക്കുകയായിരുന്നു. വിവിധഭാഷാ തൊഴിലാളി തന്നെയാണ് പ്രതിയെന്നാണ് പോലീസ് നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയും പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു.
Discussion about this post