മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് പോയ ആകാശ എയർ ആണ് അടിയന്തിരമായി താഴെയിറക്കിയത്. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചതായിരുന്നു വിമാനം. ഇതിന് തൊട്ട് പിന്നാലെ തന്റെ ബാഗിൽ ബോംബുണ്ടെന്ന് യാത്രികരിൽ ഒരാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ സഹയാത്രികർ ബഹളം വച്ചു. തുടർന്ന് വിവരം അന്വേഷിച്ച ജീവനക്കാരോടും ഇയാൾ ബോംബുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി.
ഡോക് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ബോംബ് കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് യാത്രികനെ അറസ്റ്റ് ചെയ്തു.
185 യാത്രികർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ ആറ് മണിയ്ക്ക് ഡൽഹിയിൽ എത്തേണ്ടതായിരുന്നു വിമാനം. യാത്രികന്റെ അറസ്റ്റിന് ശേഷം വിശദമായി പരിശോധിച്ചതിന് ശേഷമാണ് വിമാനം പറന്നുയർന്നത്.











