ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എട്ട് മുതൽ 10 മണിക്കൂറിലധികം നേരം ജോലിത്തിരക്ക് കാരണം നാം ഇരുന്ന് പോകാറുണ്ട്. എന്നാൽ വീട്ടിൽ വന്നാലോ?. ടിവിയ്ക്കും മൊബൈൽ ഫോണിനും മുൻപിൽ ഇരുന്ന് സമയം കളയും. തുടർച്ചയായി ഇത്തരത്തിൽ ഇരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കാണ് കാരണം ആകുക. മസിലുകൾക്ക് കേടുപാടുകൾ ഉണ്ടാകാനും തളർച്ച അനുഭവപ്പെടാനുമെല്ലാം തുടർച്ചയായ ഇരുപ്പ് കാരണമാകുമെന്ന് നമുക്ക് അറിയാം. എന്നാൽ നമ്മുടെ ഇരുപ്പ് തലച്ചോറിനെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.
ഹവാർഡ് മെഡിക്കൽ സ്‌കൂളാണ് ദീർഘനേരത്തെ ഇരുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠനം നടത്തിയത്. കസേരയിലും മറ്റും നാം ഇരിക്കുമ്പോൾ ശരിയായ രീതി നിർബന്ധമായും പാലിക്കണമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അല്ലെങ്കിൽ അത് തലച്ചോറിലേക്കുള്ള രക്തപ്രാവഹത്തെ ബാധിക്കും. തലച്ചോറിന് ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിനായുള്ള ഓക്‌സിജൻ ലഭ്യമല്ലാതാകും. ഇതോടെയാകും തലച്ചോർ പിണങ്ങുക.
ബാലൻസ് തെറ്റൽ, തലവേദ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഇതേ തുടർന്ന് അനുഭവപ്പെടും. ഇതിന് പുറമേ നമ്മുടെ മാനസികാവസ്ഥ, ഉറക്കം, പല്ലിന്റെ ഘടന എന്നിവയെവരെ ഇത് ബാധിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ നടുനിവർത്തി ശരിയായ രീതിയിൽ വേണം ഇരിക്കാൻ. ശരീരത്തിന്റെ എല്ലാ ഭാഗത്തും ഭാരം ഒരുപോലെ അനുഭവപ്പെടണം. ഇരുന്ന് ജോലി ചെയ്യുന്നവർ ഇരുന്നുകൊണ്ട് തന്നെ സ്‌ട്രെച്ചിംഗ് വ്യായാമങ്ങളിൽ ഏർപ്പെടണം. മണിക്കൂറുകൾ ഇടവിട്ട് സ്‌ട്രെച്ചിംഗ് ചെയ്യാം. ഇത് പേശികൾ അയയുന്നതിനും രക്തപ്രവാഹം വർദ്ധിക്കുന്നതിനും കാരണമാകും. കമ്പ്യൂട്ടറിൽ ഇരുന്ന് ജോലി ചെയ്യുന്നവർ കണ്ണിന് നേരെ വരുന്ന രീതിയിൽ മോണിറ്റർ സ്ഥാപിക്കണം. മറ്റ് ജോലികൾ ചെയ്യുന്നവർ ഉയരത്തിന് അനുസൃതമായ ടേബിൾ വേണം ഉപയോഗിക്കാൻ. ഒരേ നേരം ഒരേ പൊസിഷനിൽ ഇരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കാം. ഇരുന്ന് ജോലി ചെയ്യുന്നവർ ചെരുപ്പ് തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ കാണിക്കണം. വളരെ ഭാരം കുറഞ്ഞ ചെരുപ്പുകൾ വേണം തിരഞ്ഞെടുക്കാൻ. ചെരിപ്പിട്ട ശേഷം സുഗപ്രദമായി ഇരിക്കാൻ കഴിയുന്നുണ്ടോയെന്നും പരിശോധിക്കണം.
Discussion about this post