മധ്യപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയ ഭീതിയിൽ വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് കോൺഗ്രസ് തുടക്കത്തിലേ രംഗത്ത്. വിവിപാറ്റ് സ്ലിപ്പുകൾ കൈമാറണമെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദ്വിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന പതിവ് ആരോപണം ഉന്നയിച്ചാണ് ആവശ്യം.

വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നല്കണം. ആ സ്ലിപ്പുകൾ പ്രത്യേക ബാലറ്റ് ബോക്സിൽ സൂക്ഷിക്കണം. വോട്ട് എണ്ണുന്നതിന് മുമ്പ് ഏതെങ്കിലും 10 ബാലറ്റ് ബോക്‌സുകളിൽ നിന്നുള്ള വോട്ടുകൾ എണ്ണുക. സെൻട്രൽ കൗണ്ടിംഗ് യൂണിറ്റിലെ ഫലവും 10 ബാലറ്റ് ബോക്‌സുകളിൽ നിന്നുള്ള ഫലവും താരതമ്യം ചെയ്യുക. രണ്ടിന്റെയും എണ്ണം ഒരുപോലെയാണെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാവൂ എന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
ഈ വിഷയം വളരെ ഗൗരവമായി കാണണം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെന്ന് ഞങ്ങൾ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നറിയുമ്പോൾ കോൺഗ്രസിന്റെ സ്ഥിരം പരിപാടിയാണ് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ പരിഹസിച്ചു.
കോൺഗ്രസിന് പരാജയഭീതിയുള്ളതിനാലാണ് ദിഗ്വിജയ് സിംഗ് ഈ ആവശ്യവുമായി ആദ്യമേ ഇറങ്ങിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.








