ലക്‌നൗ: ലിവ് ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണമായി അലഹബാദ് ഹൈക്കോടതി. സ്ഥിരതയില്ലാത്ത ഇത്തരം ബന്ധങ്ങൾ കേവലം നേരം പോക്ക് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ലിവ് ഇൻ റിലേഷൻഷിപ്പിൽ തുടരുന്ന യുവതിയും യുവാവും നൽകിയ ഹർജി തള്ളിക്കൊണ്ട് ആയിരുന്നു കോടതിയുടെ പരാമർശം.
യുവതിയും യുവാവും രണ്ട് മതത്തിൽപ്പെട്ടവരാണ്. വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്ന ഇവർക്ക് ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ പോലീസ് സുരക്ഷ തേടിക്കൊണ്ടായിരുന്നു ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രാഹുൽ ചത്ഥുർവേദി, മൊഹ്ദ് അസർ ഹുസൈൻ ഐദ്രിസ് എന്നിവരാണ് ഹർജി പരിഗണിച്ചത്.
ലിവ് ഇൻ ബന്ധങ്ങൾ എത്രയോ വട്ടം സുപ്രീംകോടതി സാധുത നൽകിയിട്ടുണ്ടെന്ന കാര്യവും പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നിരവധി തവണ സുപ്രീംകോടതി ഇത്തരം ബന്ധങ്ങൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും 20 ഉം 22 ഉം വയസ്സുള്ളംവർക്ക് രണ്ട് മാസത്തെ പരിചയം കൊണ്ട് മാത്രം ഒന്നിച്ച് ജീവിക്കാനുള്ള ഉറച്ച തീരുമാനം എടുക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ കോടതിയ്ക്ക് സംശയം ഉണ്ട്. എതിർ ലിംഗത്തോട് തോന്നുന്ന ആകർഷണം മാത്രമാണ് ഇത്.
സ്ഥിരതയോ ആത്മാർത്ഥതയോ ഇല്ലാത്ത നേരം പോക്കുകൾ മാത്രമാണ് ലിവ് ഇൻ ബന്ധങ്ങളെന്നും കോടതി അഭിപ്രായപ്പെട്ടു.
ജീവിതം എന്നത് നല്ലകാര്യങ്ങൾ മാത്രം നടക്കുന്ന ഒന്നല്ല. ഇരുവരും യാഥാർത്ഥ്യത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളിൽ കൂടിയും കടന്ന് പോകണം. ആത്മാർത്ഥയില്ലാത്ത ടൈംപാസ് മാത്രമാണ് തങ്ങളുടെ അനുഭവത്തിൽ ഇത്തരം ബന്ധങ്ങൾ. അതിനാൽ അന്വേഷണം പൂർത്തിയാകാതെ സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post