മുംബൈ: രാഷ്ട്രത്തിന്റെ വളർച്ചയ്ക്കായി അമൂല്യ സംഭാവനകൾ നൽകിയ സംഘടനയാണ് ആർഎസ്എസ് എന്ന് ഗായകൻ ശങ്കർ മഹാദേവൻ. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്നതിൽ ആർഎസ്എസിന്റെ പങ്ക് നിർണായകമാണ്. അഖണ്ഡ ഭാരതത്തിനായുളള ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ശങ്കർ മഹാദേവൻ പറഞ്ഞു. നാഗ്പൂരിൽ നടന്ന ആർഎസ്എസ് ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിനെക്കുറിച്ച് എന്താണ് കൂടുതലായി പറയുക. ഈ നിമിഷത്തിൽ ആർഎസ്എസിനെ സല്യൂട്ട് ചെയ്യാൻ മാത്രമേ തനിക്ക് കഴിയുന്നുള്ളൂ. അഖണ്ഡഭാരതത്തിനായി രാഷ്ട്രത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും സംഘടന സംരക്ഷിക്കുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
നിരവധി പരിപാടികളിൽ അതിഥിയാകാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വേദിയിൽ നിൽക്കുമ്പോൾ എപ്പോഴെന്നില്ലാത്ത പൂർണതയും സംതൃപ്തിയും അനുഭവിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ചതിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനമുണ്ട്. പാട്ടുകളിലൂടെ നമ്മുടെ സംസ്‌കാരത്തെ വരും തലമുറകളിലേക്ക് എത്തിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നു. രാഷ്ട്രം ഒരു ഗാനമാണെങ്കിൽ ആർഎസ്എസ് പ്രവർത്തകർ അതിലെ രാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ശങ്കർ മഹാദേവൻ. ആർഎസ്എസിനെ അഭിസംബോധന ചെയ്ത അദ്ദേഹം സംഘടനാ സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരവും സന്ദർശിച്ചു.
Discussion about this post