തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബി ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സര്‍ചാര്‍ജ് തുടരും. അടുത്ത മാസവും യൂണിറ്റിന് 19 പൈസ ഈടാക്കും. ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് 9 പൈസ ഈടാക്കിയ സര്‍ചാര്‍ജ് പിന്നീട് 19 പൈസയാക്കി ഉയര്‍ത്തി. ഓഗസ്റ്റില്‍ വൈദ്യുതിവാങ്ങാന്‍ വേണ്ടിവന്ന 69.82 കോടിയുടെ അധിക ചിലവാണ് ഒക്ടോബറില്‍ ബോര്‍ഡ് ഈടാക്കുന്നത്. ഇതനുസരിച്ച് യൂണിറ്റിന് 37 പൈസ ഇടാക്കണം.
യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചിരുന്നത്. എന്നാല്‍ മാസം പരമാവധി 10 പൈസയേ പാടുള്ളൂവെന്ന് റെഗുലേറ്ററി കമ്മീഷന്റെ നിയന്ത്രണമുണ്ട്. റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് ഇപ്പോഴുള്ള വര്‍ധന നടപ്പാക്കിയിരിക്കുന്നത്.
മഴകുറഞ്ഞതും വിലകുറഞ്ഞ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതും കാരണം സെപ്റ്റംബറിലും ബോര്‍ഡിന് വന്‍തോതില്‍ അധിക ചിലവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ നവംബറിലും 10 പൈസ ചുമത്താനാണ് സാധ്യത.
Discussion about this post