കൊച്ചി: വർഷങ്ങളായി സൂപ്പർസ്റ്റാർ പദവിയ്ക്ക് ഇളക്കം തട്ടാതെ സിനിമാ രംഗത്തുള്ള താരമാണ് മമ്മൂട്ടി എന്ന ആരാധകരുടെ മമ്മൂക്ക. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്ത് ഏവരെയും അമ്പരപ്പിക്കുന്ന അദ്ദേഹത്തിന്റേതായി പുറത്ത് വരുന്ന ഓരോ ചിത്രങ്ങളും ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് പറഞ്ഞ് ആഘോഷമാകാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടേതെന്ന് പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ സത്യാവസ്ഥ പ്രചരിക്കുന്ന വീഡിയോ പുറത്തായിരിക്കുകയാണ്. മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി എന്ന് പറഞ്ഞായിരുന്നു ഈ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. വളരെ പ്രായം ചെന്ന രീതിയിൽ ആയിരുന്നു ഈ ചിത്രം. ഇത് സോഷ്യൽ മീഡിയയിൽ മമ്മൂട്ടി വിമർശകർ ആഘോഷമാക്കിയിരുന്നു. ഏജ് ഇൻ റിവേഴ്സ് ഗിയർ തള്ളുകൾ ആണെന്നും ഇതാണ് മേക്കപ്പ് ഇല്ലാത്ത ചിത്രം എന്നുമായിരുന്നു വിമർശകർ പറഞ്ഞത്.
ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വിഡിയോ റോബർട്ട് കുര്യാക്കോസ് ആണ് പങ്കുവച്ചത്. മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷ്‌നൽ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഏകോപിപ്പിക്കുന്നയാളുമാണ് റോബർട്ട് കുര്യാക്കോസ്.
”ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.”ഫോട്ടോഷോപ്പ് വീഡിയോ പങ്കുവച്ച് റോബർട്ട് കുറിച്ചു.












