ന്യൂഡൽഹി : പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിരിക്കണമെന്ന് വ്യോമസേന കമാൻഡർമാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ആഗോള ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അവയെ കൃത്യമായി പരിശോധിക്കാനും ഇന്ത്യൻ പശ്ചാത്തലത്തിൽ വിലയിരുത്താനും പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി.
ഹമാസ്-ഇസ്രായേൽ, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമസേന കമാൻഡർമാർക്ക് പ്രതിരോധ മന്ത്രിയുടെ പുതിയ നിർദ്ദേശങ്ങൾ. ഐഎഎഫ് കമാൻഡർമാരുടെ ദ്വിദിന കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഡ്രോണുകളുടെ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരോട് രാജ്നാഥ് സിംഗ് നിർദേശിച്ചിട്ടുണ്ട്.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയും മറ്റ് കമാൻഡർമാരും ചൈനയുടെയും പാകിസ്താന്റെയും അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് പ്രതിരോധ മന്ത്രിയുമായി സമഗ്രമായ അവലോകനം നടത്തി. ഹിമാചൽ പ്രദേശ്, സിക്കിം, മറ്റ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഐഎഎഫ് വഹിച്ച ദുരന്ത നിവാരണ ദൗത്യങ്ങളെ പ്രതിരോധ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.








