മുംബൈ : ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കാനും അസംബിള്‍ ചെയ്യാനും ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഐഫോണിന്റെ ഇന്ത്യയിലെ കരാര്‍ നിര്‍മ്മാതാക്കളായിരുന്ന വിസ്ട്രോണിന്റെ നിര്‍മ്മാണ ശാല ടാറ്റ ഏറ്റെടുത്തു. ഇതോടെ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറി.
വെള്ളിയാഴ്ച ചേര്‍ന്ന വിസ്ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്കാന് അന്തിമ തീരുമാനമായത്. രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
വിസ്ട്രോണ്‍ നിര്‍മാണ ശാലയില്‍ ഏകദേശം 10000 ഓളം ജീവനക്കാരുണ്ടെന്നാണ് മുന്‍പ് പുറത്ത് വന്ന കണക്കുകയള്‍. ഐഫോണ്‍ 14 ഇവിടെ വെച്ച് നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ വിസ്ട്രോണ്‍ നേരത്തെ ഏറ്റെടുത്തിരുന്നു. അതേസമയം വിസ്ട്രോണിന്റെയും അനുബന്ധ കമ്പനികളുടേയും 100 ശതമാനം ഓഹരികളും ടാറ്റ ഏറ്റെടുക്കുന്നതിന്റെ നടപടി ക്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ വിസ്ട്രോണിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാതാക്കളായി മാറുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനാത്മകമായ പദ്ധതികള്‍ ഇന്ത്യയെ ആഗോളതലത്തില്‍ തന്നെ ഇതിനോടകം സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിനും കയറ്റുമതിക്കും വിശ്വസനീയ കേന്ദ്രമാക്കി മാറ്റി. കേന്ദ്ര സര്‍ക്കാര്‍ ആഗോള ഇന്ത്യന്‍ ഇലക്ട്രോണിക്സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Discussion about this post