തിരുവനന്തപുരം : സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി. സുരേഷ് ഗോപിയെ സിനിമയിലെ തുടക്കകാലത്ത് തന്നെ അറിയാം. ഇത്രയും വർഷമായി ഒരു സ്ത്രീയോട് പോലും സുരേഷ് ഗോപി മോശമായി പെരുമാറിയിട്ടില്ല. മോശം പെരുമാറ്റം എന്ന് തോന്നിയെങ്കിൽ അപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും ഭാഗ്യലക്ഷ്മി ചോദ്യമുന്നയിച്ചു.
“വീഡിയോ കണ്ടപ്പോൾ അദ്ദേഹം വളരെ സൗഹൃദപൂർവ്വം ആ മാദ്ധ്യമപ്രവർത്തകയുടെ തോളത്ത് കൈയിട്ടതാണ് കണ്ടത്. വീഡിയോയിൽ അവർക്കും യാതൊരു പ്രശ്നവും തോന്നിയില്ല. അവർ വളരെ ചിരിച്ചു കൊണ്ടായിരുന്നു നിന്നിരുന്നത്. പിന്നീട് എന്തുകൊണ്ടാണ് അവർക്ക് പ്രശ്നം തോന്നിയത്? മോശം പെരുമാറ്റം ആയിരുന്നെങ്കിൽ അവർ എന്തുകൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല? ” എന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു.
“സുരേഷ് ഗോപിയോട് രാഷ്ട്രീയപരമായി എതിർപ്പുകൾ ഉണ്ട്. നിഷ്കളങ്ക സ്വഭാവമുള്ള അദ്ദേഹം രാഷ്ട്രീയത്തിൽ വരേണ്ട ആൾ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാവരോടും സൗഹൃദത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന വ്യക്തിയാണ് സുരേഷ് ഗോപി. സിനിമ മേഖലയിലുള്ളവരോട് കാണിക്കുന്നതുപോലെയുള്ള സൗഹൃദമാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകയോടും കാണിച്ചത്. സുരേഷ് ഗോപിയുടെ മാപ്പ് പറച്ചിൽ കണ്ടപ്പോൾ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് പാകത വന്നിട്ടില്ല എന്നാണ് തോന്നിയത്. സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ മാത്രമാണ് എല്ലാവരും വിമർശിച്ചു കൊണ്ടിരിക്കുന്നത് ” എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
Discussion about this post