ന്യൂഡൽഹി: കളമശ്ശേരിയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലും അതീവ ജാഗ്രത. പൊതുസ്ഥലങ്ങളിൽ ഡൽഹി പോലീസ് പരിശോധന ആരംഭിച്ചു. കളമശ്ശേരിയുടെ തുടർച്ചയായി ഡൽഹിയിലും ഭീകരാക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.
ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷയ്ക്കായി പോലീസ് വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയുൾപ്പെടെ കർശനമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് നിർദ്ദേശം.
അതേസമയം സ്‌ഫോടന പരമ്പരയിൽ 50 ലധികം പേർക്കാണ് പരിക്കേറ്റത്. ഇതിൽ 18 പേർ ഐസിയുവിലാണുള്ളത്. ആറ് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആളുപത്രികളിലുമാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശി കൊടകര പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. ഇയാളെ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Discussion about this post