തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒളിയമ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ടാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് കരുണാകരന് വെറുമൊരു പ്രചരണായുധം ആയിരുന്നില്ലെന്നും ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരിക്കാന്‍ ലീഡര്‍ക്ക് കഴിഞ്ഞുവെന്നും ചെന്നിത്തല പറയുന്നു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.
Discussion about this post