പത്തനംതിട്ട : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷ വർദ്ധിപ്പിച്ചു. തീർത്ഥാടന കാലമായതിനാൽ നിരവധി ഭക്തരാണ് ശബരിമലയിൽ എത്തിച്ചേരുക. അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം നിരവധി പേർ വന്നെത്തുന്നതിനാലാണ് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
മണ്ഡലകാലം ആരംഭത്തിന്റെ മുൻപായി കേരളത്തിൽ ഇത്തരത്തിൽ ഒരു സ്ഫോടന സംഭവം നടന്നത് സുരക്ഷാ കാര്യങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. കളമശ്ശേരി സംഭവം സംസ്ഥാന പോലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും വീഴ്ചയായി കണക്കാക്കപ്പെടുന്നുണ്ട്. ഈ അവസരത്തിലാണ് ശബരിമലയിൽ സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കിയത്.
ആഴ്ചകൾക്കു മുൻപ് അനധികൃത വനമേഖലയിലൂടെ സഞ്ചരിച്ച് ചിലർ ശബരിമല സന്നിധാനത്തിന് സമീപമുള്ള കെഎസ്ഇബി ടവറിന്റെ അടുത്ത് എത്തിയിരുന്നു. ശബരിമലയിലെ സുരക്ഷാ വീഴ്ചയായി ആണ് ഈ സംഭവം കണക്കാക്കപ്പെട്ടത്. ശബരിമലയിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് അന്നുതന്നെ ആവശ്യമുയർന്നിരുന്നു. മണ്ഡലകാലം ആരംഭിച്ചാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കോടിക്കണക്കിന് ഭക്തരായിരിക്കും ശബരിമലയിൽ എത്തിച്ചേരുക.
Discussion about this post